അഹമ്മദാബാദ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്ത കേസിൽ ഗുജറാത്തിലെ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. ചൈതർ വാസവ എംഎൽഎയാണ് ദെദിയാപദ ടൗൺ പോലീസിന് മുന്നിൽ കീഴടങ്ങിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരു മാസമായി ഇയാൾ ഒളിവിലായിരുന്നു. ജാമ്യം ലഭിക്കുന്നില്ലെന്നും പോലീസ് പിടിമുറുക്കിയെന്നും മനസിലാക്കിയതോടെയാണ് ചൈതർ വാസവ കീഴടങ്ങിയത്.
നാണക്കേട് മറയ്‌ക്കാൻ നൂറോളം എഎപി പ്രവർത്തകരെ പിന്നിൽ അണിനിരത്തിയാണ് കീഴടങ്ങാനായി ദേദിയാപദ പോലീസ് സ്റ്റേഷനിൽ ചൈതർ വാസവ എത്തിയത്. ഇയാളെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം മറ്റ് മൂന്ന് പ്രതികളും കീഴടങ്ങിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഘൻശ്യാം സർവയ്യ പറഞ്ഞു. 2023 നവംബർ 2-നാണ് ചൈതർ വാസവ എംഎൽഎയ്‌ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ആം ആദ്മി പാർട്ടിയുടെ സെൻട്രൽ ഗുജറാത്ത് ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ഇയാൾ. വനഭൂമി സ്വകാര്യ വ്യക്തികൾ കൃഷിക്കായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് വാസവയും സംഘവും ഭീഷണിപ്പെടുത്തിയത്. ഉദ്യോസ്ഥരെ ഭയപ്പെടുത്താൻ കയ്യിലിരുന്ന തോക്കു കൊണ്ട് മുകളിലേക്ക് ഇയാൾ വെടിയും ഉതിർത്തു. ഒക്ടോബർ 30-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.















