നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അവസാന നിമിഷമാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. തോൽവിയിൽ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം അതീവ ദുഃഖിതരായിരുന്നു. പിന്നാലെ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡ്രസിംഗ് റൂമിൽ എത്തിയിരുന്നു. തോൽവിയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ലഭിച്ച പിന്തുണയെ പറ്റി തുറന്നു പറയുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി.
‘തോൽവിയിൽ ടീമിന്റെ ഹൃദയം തകർന്നിരുന്നു. ആ നിമിഷം നിരാശ മാത്രമായിരുന്നു ഞങ്ങളുടെ മുഖങ്ങളിൽ ഉണ്ടായിരുന്നത്. രണ്ട് മാസത്തെ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഒറ്റ മത്സരം കൊണ്ടാണ് ഞങ്ങൾക്ക് നഷ്ടമായത്. അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളെ കാണാനായി എത്തിയത്. പരസ്പരം ആശ്വസിപ്പിക്കാനോ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ടീമിലെ അംഗങ്ങൾ. പക്ഷേ മോദിജി ഡ്രസിംഗ് റൂമിലെത്തിയപ്പോൾ അത് ഞങ്ങൾക്ക് വലിയ അത്ഭുതമായിരുന്നു. മോദിജി ഞങ്ങളോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. യഥാർത്ഥ്യത്തിൽ ആ നിമിഷത്തിന് ശേഷമാണ് ഞങ്ങൾ പരസ്പരം സംസാരിക്കാൻ തുടങ്ങിയത്. തോൽവിയിൽ നിന്ന് മുന്നേറണമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ പ്രധാനമന്ത്രിയുടെ വരവ് സഹായിച്ചു. ആജ് തകിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.
വികാര നിർഭരമായ കുറിപ്പോടെയാണ് ഷമി തോൽവിയ്‌ക്ക് ശേഷം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ‘ നിർഭാഗ്യവശാൽ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. എന്നെയും ടീമിനെയും ഈ ടൂർണമെന്റിലുടനീളം അകമഴിഞ്ഞ് പിന്തുണച്ച ആരാധകർക്ക് നന്ദി. ഞങ്ങളെ ഡ്രസിംഗ് റൂമിലെത്തി അഭിനന്ദിക്കാനും ആവേശമുയർത്താനും സഹായിച്ച പ്രധാനമന്ത്രിയോട് എന്നും കടപ്പെട്ടവനായിരിക്കും. ഞങ്ങൾ ഉറപ്പായും തിരിച്ചു വരുമെന്നാണ് ഷമി എക്‌സിൽ കുറിച്ചത്.