ന്യൂഡൽഹി: സ്ത്രീകളുടെ ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും അതിന് വേണ്ടി മോദി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്നും മാണ്ഡവ്യ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ സ്ത്രീകളെ ശാക്തീകരിക്കുകയും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് അവരെ പ്രാപതരാക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി ജൻ ഔഷധി പദ്ധതി കൊണ്ടുവന്നു. ഈ പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് 35 കോടിയിലധികം സാനിറ്ററി പാഡുകൾ ലഭ്യമാക്കി കൊടുത്തു. സിക്കിൾ സെൽ അനീമിയയുടെ വ്യാപനം തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കും സർക്കാർ കൂടെ നിന്നു.
രാജ്യത്ത് 210-ലധികം വനവാസി ജില്ലകളിൽ സിക്കിൾ സെൽ അനീമിയ കണ്ടുവരുന്നുണ്ട്. 2047 ഓടെ രാജ്യത്ത് നിന്ന് സിക്കിൾ സെൽ അനീമിയ പൂർണമായും ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ നടപടികൾ ഉടൻ ആരംഭിക്കും. കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ വനവാസി മേഖലകളിലെ ജനങ്ങൾക്കിടയിൽ ഇതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.