പാലക്കാട്: മണ്ഡലകാലത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് വേണ്ടി അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന് ബിജെപി പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. സംസ്ഥാന സർക്കാർ തീർത്ഥാടകരോട് ക്രൂരത കാണിക്കുമ്പോൾ കേന്ദ്രം ചേർത്തുപിടിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് പറഞ്ഞു.
ഡിസംബർ 25 വരെയാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തരുടെ തീർത്ഥാടനസൗകര്യം കണക്കിലെടുത്താണ് കേരളത്തിന് പുതിയ സ്‌പെഷ്യൽ സർവീസ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ഡിസംബർ 15, 17, 22, 24 എന്നീ തീയതികളിലാകും സർവീസാകും ഉണ്ടാകുക.
വെള്ളി, ഞായർ ദിവസങ്ങളിലായി ചെന്നൈയിൽ നിന്നും പുലർച്ചെ നാലരയോടെ പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.15-ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ എന്നീ ദിവസങ്ങളിൽ രാവിലെ 4.40-ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.15-ഓടെ ചെന്നൈയിൽ എത്തും.
അയ്യപ്പ ഭക്തർക്ക് വേണ്ടി ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്ന് കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് സജ്ജമാക്കിയിട്ടുണ്ട്. രാത്രി 11.45-ന് കച്ചെഗുഡയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസമാണ് കൊല്ലത്തെത്തുന്നത്. ഡിസംബർ 18, 25, ജനുവരി 1, 8, 15 തീയതികളിലാണ് സർവീസ്.















