കാസർകോട്: പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ കൈ ഞരമ്പ് മുറിച്ച് യുവാവ്. സീതാംഗോളിയിൽ മദ്യലഹരിയിൽ വ്യാപാര സ്ഥാപനത്തിൽ കയറി അതിക്രമം കാണിച്ച യുവാവിനെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഞരമ്പ് മുറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവത്തിൽ സീതാംഗോളി സ്വദേശിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന വിനോദ് സീതാംഗോളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി അതിക്രമം കാണിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ കുമ്പള പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയ്യിലുണ്ടായ ബ്ലേഡ് കൊണ്ട് വിനോദ് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. വിനോദിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിയെങ്കിലും പോലീസുകാരെ തള്ളിയിട്ട് ഇയാൾ വീണ്ടും കടകൾ തല്ലി പൊളിക്കുകയായിരുന്നു. നാട്ടുകാരും പോലീസുകാരും ചേർന്നാണ് യുവാവിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഇയാൾ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.















