ബ്രസീലിയൻ സുവിശേഷ ഗായകൻ പരിപാടിക്കിടയിൽ സ്റ്റേജിൽ കുഴഞ്ഞു വീണ് മരിച്ചു . 30 കാരനായ പെഡ്രോ ഹെൻറിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗാനങ്ങൾ ആലപിച്ചും സദസുമായി സംവദിച്ചും പരിപാടി ഗംഭീരമായി മുന്നേറുന്നതിനിടയിൽ പെഡ്രോ ഹെൻറിക്ക് പെട്ടെന്ന് നിലത്ത് വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഈ സംഭവം മുഴുവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
പെഡ്രോ ഹെൻറിക്ക് സ്റ്റേജിന്റെ നിന്നു പാടുന്നതും കാണികളോടൊപ്പം ഉല്ലസിക്കുന്നതും വീഡിയോയിൽ കാണാം. വെള്ള സ്യൂട്ട് ധരിച്ച് കൈകൾ വിടർത്തി നിന്ന ഗായകൻ പെട്ടെന്ന് സമനില തെറ്റി വേദിയിൽ ബോധരഹിതനായി വീഴുകയായിരുന്നു. അബോധാവസ്ഥയിലായ പെഡ്രോ ഹെൻറിക്കിനെ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താൻ വളരെ ക്ഷീണിതനാണെന്ന് സ്റ്റേജിൽ പെർഫോം ചെയ്യാൻ പോകുന്നതിന് മുമ്പ് പെഡ്രോ ഹെൻറിക്ക് പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി.
30 കാരനായ പെഡ്രോ ഹെൻറിക്കിന് ഒക്ടോബർ 19 നാണ് മകൾ ജനിച്ചത്. മൂന്നാം വയസ് മുതൽ ഇദ്ദേഹം സ്റ്റേജിൽ പെർഫോമൻസ് ആരംഭിച്ചിരുന്നു. 2015 മുതലാണ് അദ്ദേഹം സുവിശേഷത്തിൽ സജീവമായത്. തന്റെ യൂട്യൂബ് ചാനലിൽ ഒരു പുതിയ പ്രോജക്റ്റ് റിലീസ് ചെയ്യാനുള്ള തയാറെടുപ്പനിടയിലാണ് മരണം സംഭവിച്ചതെന്ന് ബ്രസീലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















