പണ്ടുകാലത്ത് നിരവധി ഔഷധ സസ്യങ്ങൾ വീടുകളിലെ പറമ്പുകളിലും പാടത്തുമൊക്കെ നട്ടുപിടിപ്പിക്കാനും പരിചരിക്കാനും പലരും സമയം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ പനിയോ, തലവേദനയോ തുടങ്ങി നിസാര രോഗങ്ങൾ വന്നാൽ വീട്ടിൽ തന്നെ പരിഹാരവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മരുന്നിനു പോലും ഒരു ഔഷധ സസ്യങ്ങൾ നമ്മുടെയൊന്നും വീടുകളിലോ പറമ്പുകളിലോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. മൺമറഞ്ഞു പോയ ഇത്തരം ഔഷധ സസ്യങ്ങളിലൊന്നാണ് കരിങ്ങാലി.
പിത്തം, കഫം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായകരമായ കരിങ്ങാലിയെ നാം വേണ്ടവിധത്തിൽ പരിഗണിക്കാറില്ല. കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്നാണ് പഴമക്കാർ പറയാറുള്ളത്. ഈ സസ്യത്തിന്റെ തണ്ട്, പൂവ്, വേര് എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. രക്തത്തെ ശുദ്ധീകരിക്കുന്നതിനും, കഫം, ചുമ, വിരശല്യം, ചൊറിച്ചിൽ എന്നിവ തടയാനും കരിങ്ങാലി ഏറെ സഹായകരമാണ്. പല്ലുകൾക്ക് ബലം നൽകുന്നതിനായി ആയുർവേദ മരുന്നുകളിൽ കരിങ്ങാലി വൃക്ഷത്തിന്റെ തൊലി ഉപയോഗിക്കാറുണ്ട്. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിനും കരിങ്ങാലി ഉപയോഗിക്കുന്നു.















