പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും അനധികൃതമായി വൈൻ നിർമ്മിച്ചതിനും പിടിയിലായ യൂട്യൂബറിന്റെ ജയിൽ റിവ്യു പുറത്ത്. കഴിഞ്ഞ മാസമാണ് ചെർപ്പുളശേരി തൂത സ്വദേശിയായ അക്ഷജിനെ എക്‌സൈസ് പിടികൂടിയത്. യൂട്യൂബ് ചാനൽ വഴിയായിരുന്നു ഇയാൾ മദ്യപനം പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള വീഡിയോകൾ പങ്കുവച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട എക്‌സൈസും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്ഷജ് പിടിയിലായത്. ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയതോടെയാണ് ജയിൽ റിവ്യുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്.
ജയിലിലെ ഒരു ദിവസത്തെ ദൈനംദിന കാര്യത്തെ കുറിച്ചായിരുന്നു യുവാവ് പറഞ്ഞത്. രാവിലെ ആറ് മണിക്കാണ് എഴുന്നേൽക്കേണ്ടത്. ജയിൽപുള്ളികളുടെ കണക്കെടുത്തു കഴിഞ്ഞാൽ രാവിലെ ആറരയ്‌ക്ക് ചായ കിട്ടും, ക്വാളിറ്റി ഒന്നും നോക്കണ്ട, ഒരുപാട് പേർക്ക് കൊടുക്കാനുള്ളതാണല്ലോ? ഏഴ് മണിക്ക് കുളിക്കാനുള്ള സമയമാണ്. പിന്നെ സെല്ലിൽ കയറണം. എട്ട് മണിക്ക് രാവിലത്തെ ഭക്ഷണം, ചപ്പാത്തി മൂന്നെണ്ണം കിട്ടും. അല്ലെങ്കിൽ റവ ഉപ്പുമാവ്, ഗ്രീൻ പീസ് കറി ആണ് കിട്ടുക. ഇഡലി ആണെങ്കിൽ 5 എണ്ണം, കറിയായി സാമ്പാറ് ഉണ്ടാകും. പിന്നെ സുഖമായി ഉറങ്ങാം’.. ഇങ്ങനെ നീളുന്നു ജയിൽ ജീവിതത്തിന്റെ റിവ്യു. ഇതു കേട്ട് ആരും ജയിൽ പോകേണ്ട എന്നും യുവാവ് പറയുന്നുണ്ട്. കുറ്റവാളികൾക്ക് സുഖ സൗകര്യങ്ങൾ നൽകാനുണ്ടാക്കി വച്ചിരിക്കുന്ന കെട്ടിടങ്ങളായി തടവറകൾ മാറുന്നതിന്റെ യാഥാർത്ഥ്യം കൂടിയാണ് ഈ ജയിൽ റിവ്യു എന്ന തരത്തിലുള്ള നിരവധി അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു.















