യൂറോപ്യൻ യൂണിയനിലും ത്രെഡ്‌സിന്റെ സേവനം എത്തിച്ച് മെറ്റ. ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇക്കാരണത്താലാണ് ത്രെഡ്‌സ് ഇവിടേക്ക് വ്യാപിപ്പിക്കുന്നത് വൈകിയത്.
യൂറോപ്യൻ യൂണിയനിൽ ഓഗസ്റ്റ് മുതൽ നിലവിൽ വന്ന ഡിജിറ്റൽ സർവീസ് ആക്ട് ആണ് ത്രെഡ്‌സ് അവതരിപ്പിക്കുന്നതിൽ വൈകാൻ കാരണമായത്. വലിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ നിയമം.
ലൊക്കേഷൻ, ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ ഉൾപ്പെടെ ഫോണിലെ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനുവാദം ത്രെഡ്‌സിന് ആവശ്യമാണ്. യൂറോപ്യൻ യൂണിയന് വേണ്ടി ഇതുൾപ്പെടെ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതെന്ന് പുറത്തുവിട്ടിട്ടില്ല. യൂറോപ്പിലെ ഉപയോക്താക്കളെ ത്രെഡ്‌സിലേക്ക് സ്വാഗതം ചെയ്ത് സക്കർബർഗ് ത്രെഡ്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.















