ന്യൂഡൽഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 350 കോടി രൂപയുടെ പണം കണ്ടെടുത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എംപി ധീരജ് സാഹു. തന്റെ കുടുംബമാണ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നത്, അതുകൊണ്ട് തന്നെ റെയ്ഡ് നടന്ന കമ്പനികളുടേതാണ് ആ പണം. കണ്ടെടുത്ത പണവുമായി തനിക്കോ കോൺഗ്രസ് പാർട്ടിക്കോ മറ്റേതെങ്കിലും രാഷ്‌ട്രീയ പാർട്ടികൾക്കോ ഒരു തരത്തിലും ഉള്ള ബന്ധവും ഇല്ലെന്നും ധീരജ് സാഹു പറയുന്നു.
ധീരജ് സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലും, അനുബന്ധ സ്ഥാപനങ്ങളിലും ഡിസംബർ ആറിനാണ് പരിശോധന ആരംഭിച്ചത്. ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലിൽ 353.5 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസി ഒറ്റത്തവണയായി പിടിച്ചെടുത്ത ഏറ്റവും ഉയർന്ന തുകയാണിത്.
താൻ 35 വർഷമായി രാഷ്‌ട്രീയത്തിലുണ്ടെന്നും ആദ്യമായാണ് തനിക്കെതിരെ ഇത്തരമൊരു കള്ളപ്പണ ആരോപണം ഉയരുന്നതെന്നുമാണ് സാഹുവിന്റെ വാദം. ” 100 വർഷത്തിലേറെയാണ് തന്റെ കുടുംബം മദ്യവ്യാപാരം നടത്തുന്നുണ്ട്. പിടിച്ചെടുത്ത തുകയെല്ലാം എന്റെ സ്ഥാപനത്തിൽ നിന്നുള്ളതാണ്. രാഷ്‌ട്രീയത്തിൽ ശ്രദ്ധിച്ചിരുന്നതിനാൽ ബിസിനസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. എന്റെ വീട്ടുകാരാണ് എല്ലാം നോക്കിയിരുന്നത്. താൻ ഇടയ്‌ക്കിടയ്‌ക്ക് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും” സാഹു പറയുന്നു.
”പിടിച്ചെടുത്ത പണം എന്റേതല്ല. എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്. ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾ ആദായനികുതി വകുപ്പിന് വിശദീകരണം നൽകും. കണ്ടെടുത്ത പണം മദ്യവിൽപ്പനയിൽ നിന്നും ലഭിച്ചിട്ടുള്ളതാണെന്നും, ബിസിനസ് സുതാര്യമാണെന്നുമാണ്”സാഹു പറയുന്നത്.















