വിജയ് ദിവസിന്റെ സ്മരണയിൽ രാജ്യം. ഇന്ത്യൻ സായുധ സേനയുടെ പോരാട്ട വീര്യം കൊണ്ട് പാക് സൈന്യത്തെ തോൽപ്പിച്ച ദിനത്തിൽ സൈന്യത്തെയും ധീര ജവന്മാവരെയും ഓർമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
1971-ൽ, ഇന്ത്യക്കായി വിജയം വരെ പോരാടിയ എല്ലാ ധീരന്മാർക്കും വിജയ് ദിവസത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് എന്നും അഭിമാനകരമാണ്. അവരുടെ ത്യാഗവും അചഞ്ചലമായ ആദർശവും തലമുറകൾക്കിപ്പുറവും രാജ്യത്തെ ഓരോ പൗരന്റെയും ഉള്ളിൽ നിലനിൽക്കും. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുകയും അവരുടെ അജയ്യമായ ആത്മാവിനെ ഓർക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യക്ക് മുൻപിൽ പാകിസ്താൻ മുട്ടുമടക്കിയ ദിനമാണ് ഡിസംബർ 16. രാജ്യത്തിന്റെ പോരാട്ട വീര്യത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് പാക് സൈനിക മേധാവി ജനറൽ ആമിർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരും യുദ്ധം നിർത്തിവെച്ച് ഇന്ത്യൻ സൈനികർക്ക് മുൻപിൽ കീഴടങ്ങിയത്. 1971-ലെ യുദ്ധത്തിനൊടുവിൽ പടിഞ്ഞാറൻ പാകിസ്താനിലെ 15,010 കിലോമീറ്റർ പ്രദേശമാണ് ഇന്ത്യൻ സേന പിടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ സൃഷ്ടിക്ക് കാരണമായ ചരിത്രപരമായ യുദ്ധത്തിൽ വിജയിച്ച ഇന്ത്യൻ സൈനികർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഇന്നേ ദിനം വിജയ് ദിവസ് ആയി ആഘോഷിക്കുന്നത്.















