ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ലോസ് ആഞ്ചൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ബാത്ത്‌ടബ്ബിൽ ബോധരഹിതനായി കിടക്കുന്ന മാത്യുവിനെ സുഹൃത്താണ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണകാരണം ആദ്യഘട്ടത്തിൽ പുറത്തുവന്നില്ലെന്നത് ഏറെ വിവാദങ്ങളും ഉയർത്തിയിരുന്നു. ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒടുവിൽ അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും അന്ത്യംകുറിച്ച് മാത്യുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർച്ച് പുറത്തുവന്നിരിക്കുകയാണ്. ലോസ് ആഞ്ചൽസിലെ മെഡിക്കൽ എക്‌സാമിനർ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പരാമർശിക്കുന്നത് ഇങ്ങനെ..
കെറ്റമിൻ (ketamine) എന്ന മരുന്നിന്റെ അമിതോപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ടോക്‌സികോളജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ”മാത്യുവിന്റെ രക്തത്തിൽ ഉയർന്ന അളവിലുള്ള കെറ്റമിൻ ഉണ്ടായിരുന്നതായി കണ്ടെത്തി. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും കെറ്റമിന്റെ ദൂഷ്യഫലങ്ങളാണ്. ” – മുതിർന്ന മെഡിക്കൽ എക്‌സാമിനർ റാഫി പ്രതികരിച്ചു.
രക്തത്തിലെ കെറ്റമിന്റെ അളവ് വർദ്ധിച്ചതോടെ മാത്യു അബോധാവസ്ഥയിലായി. ടബ്ബിൽ നിന്ന് സ്വയം എഴുന്നേൽക്കാനോ, ഒന്ന് അനങ്ങാനോ കഴിയാത്ത അവസ്ഥയായി. ബാത്ത്‌ടെബ്ബിലെ വെള്ളത്തിൽ മുങ്ങിയപ്പോൾ പൊങ്ങിവരാനുള്ള ശേഷി മാത്യുവിന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല. പൂളിലോ ബാത്ത്ടബ്ബിലോ ഇരിക്കുമ്പോൾ സെഡേഷനുണ്ടാകുന്ന മരുന്ന് കഴിക്കുന്നത് തീർത്തും അപകടകരമാണെന്നും മെഡിക്കൽ എക്‌സാമിനർ അറിയിച്ചു.
എന്താണ് കെറ്റമിൻ?

ശസ്ത്രക്രിയകൾ ആവശ്യമായി വരുന്ന സമയത്ത് രോഗികൾക്ക് അനസ്തേഷ്യ നൽകുന്നതിനായി ഡോക്ടർമാർ ഉപയോഗിക്കുന്ന മരുന്നാണിത്. നിയന്ത്രിത അളവിലാണ് രോഗികൾക്ക് ഇത് നൽകുക. അതുകൊണ്ട് തന്നെ നാർകോട്ടിക് വസ്തുക്കളുടെ ഗണത്തിൽ കെറ്റമിൻ ഉൾപ്പെടുത്തിയിട്ടില്ല. അനസ്‌തേഷ്യ വേണ്ടി വരുമ്പോൾ കെറ്റമിൻ ഉപയോഗിക്കാമെന്ന് എഫ്ഡിഎയും അനുമതി നൽകിയിട്ടുണ്ട്. ഉത്കണ്ഠ സംബന്ധിച്ച പ്രശ്‌നങ്ങൾ, വിഷാദരോഗം, വേദനകൾ എന്നിവ പരിഹരിക്കുന്നതിനായും കെറ്റമിൻ ഉപയോഗിക്കുന്നു.
കെറ്റമിന്റെ അമിത ഉപയോഗം, അതും ബാത്ത്ടബ്ബിൽ ഇരിക്കുന്ന സമയത്ത് കെറ്റമിൻ ഉപയോഗിച്ചുവെന്നത്, ഇതെല്ലാമാണ് മാത്യുവിനെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.















