പത്തനംതിട്ട: ആലപ്പുഴയിൽ കരിങ്കൊടി കാണിച്ചവരെ മർദ്ദിച്ച ഗൺമാന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ അംഗരക്ഷകർ. അവർ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അംഗരക്ഷകർ തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നിൽക്കുന്നവരാണ്. തന്‍റെ വാഹനത്തിന് നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി. ഒരാൾ ക്യാമറയും കൊണ്ട് സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി തള്ളിവരികയാണ്. യൂണിഫോമിലുള്ള പോലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. അതാണ് മാദ്ധ്യമങ്ങൾ കഴുത്തിന് പിടിച്ച് തള്ളലാക്കിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോ. നാടിനായി ചെയ്യുന്നത് മാദ്ധ്യമങ്ങൾ കാണുന്നില്ല. മാദ്ധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും എന്നാൽ ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്രയോ ക്യാമറക്കാര്‍ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നില്ലേ. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ? പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗണ്‍മാന്‍ അയാളെ തള്ളിമാറ്റിയത്. അത് സ്വാഭാവികമാണ്.
ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്റെ അര്‍ത്ഥം നിങ്ങള്‍ എല്ലാവരും താന്‍ അപകടത്തില്‍പ്പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുമുണ്ട് പിണറായി പറഞ്ഞു.