കൊല്ലം: യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഭാരതം വികസനത്തിന്റെ പാതയിലാണെന്നും വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വികസനത്തിനായുള്ള രാജ്യത്തിന്റെ മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്. ഇന്ത്യ ഇന്ന് വികസിത രാജ്യമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ശാസ്ത്രലോകത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഴിവുകളും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് വിദ്യാഭ്യാസമാണ്.
രാജ്യത്തെ മുഴുവൻ മെഡിക്കൽ മേഖലകളും രാജ്യത്തെ മുന്നോട്ട് നയിക്കാൻ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. ജി20 ഉച്ചകോടി വിജയകരമായി സമാപിച്ചപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. എല്ലാവരും ഇന്ത്യയെ പ്രശംസിച്ചു. എങ്ങനെ ഇത് സാധ്യമാക്കിയെന്ന് പലരും ഞങ്ങളോട് ചോദിച്ചു. കൂട്ടായ്മയിലൂടെയാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി20 പോലൊരു ആഗോള ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയത്.
യുവാക്കൾ അവസരങ്ങൾ തേടി വിദേശത്ത് പോകേണ്ടതില്ല. യുവാക്കൾക്കായി രാജ്യത്ത് അനേകം അവസരങ്ങളുണ്ട്. കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്. ഭാവിയിലേക്ക് കടക്കുമ്പോൾ ഒരിക്കലും പ്രതിസന്ധികളെ നോക്കരുത്. എപ്പോഴും ഭാവിക്ക് വേണ്ടി മാത്രം പ്രയത്നിക്കുക. ഭാവിക്ക് വേണ്ടി പ്രവർത്തിക്കുക. ഭാരതത്തെ വികസിതമാക്കണം എന്നതായിരിക്കണം ഓരോ യുവാക്കളുടെ മനസിലും തോന്നാനുള്ളതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.















