എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ രണ്ട് പ്രതികളെ ഇഡി മാപ്പുസാക്ഷികളാക്കി. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാറിനെയും മുൻ മാനേജർ ബിജു കരീമിനെയുമാണ് ഇഡി മാപ്പുസാക്ഷികളാക്കിയത്. കേസിലെ 33,34 പ്രതികളായ ഇരുവരും സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്നാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
നേരത്തെ സുനിൽ കുമാറിന്റെയും ബിജുവിന്റെയും രഹസ്യ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ സിപിഎം ഇടപെടൽ ഉണ്ടായോ എന്നത് അടക്കമുള്ള നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇഡിയുടെ വിലയിരുത്തൽ. സിപിഎമ്മിന് ബാങ്കിൽ പ്രത്യേക അക്കൗണ്ടുണ്ടെന്നും അവിടേക്ക് തട്ടിപ്പ് പണം എത്തിയിട്ടുണ്ടെന്നും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.















