തിരികെയെത്തിക്കാൻ താത്പ്പര്യം പ്രകടപ്പിച്ച മുംബൈ ഇന്ത്യൻസുമായി ഹാർദിക്ക് നടത്തിയത് വലിയ വിലപേശലെന്ന് റിപ്പോർട്ട്. രോഹിത്തിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം തനിക്ക് നൽകിയാലെ മുംബൈയിലേക്ക് മടങ്ങൂ എന്ന നിബന്ധനയാണ് താരം മുന്നോട്ട് വച്ചത്. ഈ നിർബന്ധത്തിന് ഒടുവിൽ മുംബൈ മാനേജ്മെന്റ് വഴങ്ങുകയായിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇതിന് പിന്നാലെയാണ് രോഹിത്തിനോട് വിവരം അറിയിക്കുന്നത്. ദീർഘ കാലത്തേക്ക് വേണ്ടി ഒരു നായകനെ ടീം പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇത് മനസിലാക്കിയ രോഹിത് ഒരുവാക്കു പോലും എതിർത്ത് പറയാതെ ഹാർദിക്കിന്റെ നായകത്വത്തിന് കീഴിൽ കളിക്കാൻ സമ്മതിക്കുകയായിരുന്നു.
2022-ലാണ് മുംബൈയിൽ നിന്ന് ഓൾറൗണ്ടർ ഗുജറാത്തിലേക്ക് ചേക്കേറിയത്. ആദ്യ സീസണിൽ തന്നെ കപ്പുയർത്തി ഹാർദിക്ക് കരുത്ത് തെളിയിച്ചിരുന്നു. രണ്ടാംതവണ ചെന്നൈക്ക് മുന്നിൽ അടിപതറുകയായിരുന്നു. അതേസമയം രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നു മാറ്റുന്ന കാര്യം ലോകകപ്പ് സമയത്ത് തന്നെ അറിയിച്ചിരുന്നുവെന്ന് ചില ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.