കഴിഞ്ഞ ദിവസമാണ് മോഹൻലാൽ-ലിജോ ജോസ് ചിത്രമായ മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്തുവിട്ടത്. പുന്നാര കാട്ടിലെ പൂവനത്തിൽ കൊണ്ടു പോകാം നിന്നെ’ എന്ന് തുടങ്ങുന്ന ഗാനം ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ടിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നതെന്ന് വെളിപ്പെടുത്തുകയാണ് ഗായിക അഭയ ഹിരൺമയി.
മലൈക്കോട്ടൈ വാലിബന് വേണ്ടി പാട്ട് പാടുന്ന സമയത്ത് ആ സിനമയ്‌ക്ക് വേണ്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അഭയ പറയുന്നത്. ഒരു വർഷത്തിന് ശേഷമാണ് ആ ചിത്രത്തിന് വേണ്ടിയായിരുന്നു പാടിയതെന്ന് അറിഞ്ഞതെന്നും അഭയ പറഞ്ഞു. മോഹൻലാലിന്റെ സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞത് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത നിമിഷമാണെന്നും ഗായിക പറഞ്ഞു.
‘ജീവിതത്തിലെ മനോഹരമായ ദിവസം ആണ് ഇന്ന്, നമ്മളോരുത്തരും പ്രതീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രത്തിന്റെ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസാകുകയാണ്. ഒരു വർഷം മുമ്പ് എനിക്ക് വളരെ ഇഷ്ടമുള്ള സംഗീത സംവിധായകനായ പ്രശാന്ത് പിള്ള ഒരു ഗാനാലാപനത്തിനു ക്ഷണിച്ചു. വളരെ തൃപ്തിയോടെ ആ ഗാനം പാടി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി വന്ന എനിക്ക് ഏതാണ് ഈ ഗാനം, ഏതു സിനിമയിലേതാണ് ഈ ഗാനം എന്നതിനെക്കുറിച്ചു ഒരു ഐഡിയയും ഇല്ലായിരുന്നു.
രണ്ടു മാസത്തിനു മുന്നേ ലിജോ ജോസ് പെല്ലിശ്ശേരി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ എന്നെ വിളിച്ചിരുന്നു. ആ ജോലി പൂർത്തീകരിച്ച ശേഷം ‘അഭയ പാടിയ മലൈക്കോട്ടൈ വാലിബനിലെ പാട്ടു കേൾക്കണ്ടേ’ എന്ന് ചോദിക്കുകയായിരുന്നു. ലിജോ ഈ ഗാനം കേൾപ്പിച്ച് തരുന്ന സമയത്താണ്, എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ നമ്മുടെ ലെജൻഡറി ആക്ടർ ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബനിൽ ഞാനും ഒരു ഭാഗമായ കാര്യം അറിയുന്നത്. ഒരുപാട് സന്തോഷം കിട്ടിയ നിമിഷം, അത്രേം പ്രൗഡ് തോന്നിയ നിമിഷം ആയിരുന്നു അത്. ലിജോക്കും പ്രശാന്ത് പിള്ളക്കും ഒത്തിരി നന്ദി. നിങ്ങളും ഈ ഗാനം ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു.’- അഭയ ഹിരൺമയി പറഞ്ഞു.















