ലക്നൗ : അലിഗഡ് ഐഎസ് മൊഡ്യൂളിലെ ഭീകരരെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് എടിഎസ് . അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ കൂടിയായ അബ്ദുൾ സമദ് മാലിക്, ഫൈസാൻ ബക്തിയാർ എന്നിവരെ കണ്ടെത്താൻ സഹായം നൽകുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ വീതമാണ് പാരിതോഷികം നൽകുക. സമദും ഫൈസാനും അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ സാമു എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രവർത്തിച്ചിരുന്നത് . എന്നാൽ പിന്നീട് ഐ എസുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി .പഠനം ഇന്ത്യയിലായിരുന്നുവെങ്കിലും പാകിസ്താനിലും , മറ്റുമുള്ള ഐഎസ് ഭീകരരോടായിരുന്നു ഇവർക്ക് സഹകരണം .
ഇവരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇരുവരുടെയും വീടുൾപ്പെടെ പലയിടത്തും പലതവണ റെയ്ഡ് നടന്നിട്ടുണ്ട്. അബ്ദുൾ സമദ് മാലിക്, സംഭാൽ നിവാസിയാണ്, ഫൈസാൻ ബക്തിയാർ പ്രയാഗ്‌രാജ് സ്വദേശിയാണ്. ഇരുവരും അലിഗഡ് മുസ്ലീം സർവകലാശാലയിൽ എംഎസ്ഡബ്ല്യു കോഴ്സ് പഠിക്കുകയായിരുന്നു.
2023 ഒക്‌ടോബർ 3 നാണ് ഫൈസാൻ ബക്തിയാർ, അബ്ദുൾ സമദ് മാലിക് എന്നിവർക്കെതിരെ യുപി എടിഎസ് എഫ്‌ഐആർ ഫയൽ ചെയ്തത് . ഐപിസി സെക്ഷൻ 121-എ, 122, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 1967 എന്നിവ പ്രകാരം ഇവർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫൈസാൻ ബക്തിയാറും അബ്ദുൾ സമദ് മാലിക്കും സോഷ്യൽ മീഡിയയിലൂടെയും മറ്റ് പല മാദ്ധ്യമങ്ങളിലൂടെയും ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എടിഎസ് എഫ്‌ഐആറിൽ പറയുന്നു . അലിഗഡ്, സംഭാൽ, പ്രയാഗ്‌രാജ്, ലക്നൗ, രാംപൂർ, കൗശാമ്പി തുടങ്ങിയ ജില്ലകളിലായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം.
ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഫൈസാനും അബ്ദുൾ സമദും മറ്റുള്ളവരും ചേർന്ന് മാരകായുധങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നു . തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന രാജ്യത്തിന്റെ പല ഭാഗങ്ങളായിരുന്നു അവരുടെ ലക്ഷ്യം. ഇതുവരെ ഈ സംഘത്തിലെ ആകെ 9 പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ള പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.