ന്യൂഡൽഹി: കൊറോണ വകഭേദം BA.2.86 അഥവാ പിറോളയുടെ(pirola) സഹവകഭേദം ജെഎൻ-1 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി. ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യമാണ്( INSACOG) കേരളത്തിൽ കൊറോണയുടെ പുതിയ വകഭദേം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. മഹാമാരിയുടെ വകഭേദങ്ങൾ ക്രമപ്പെടുത്തുന്നതിനും നീരിക്ഷിക്കുന്നതിനുമുള്ള രാജ്യത്തെ ലബോറട്ടറി ഏജൻസിയാണ് INSAC-OG. അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും INSACOG വ്യക്തമാക്കി.
2023 സെപ്തംബറിലാണ് അമേരിക്കയിൽ ജെഎൻ- 1 വകഭേദം റിപ്പോർട്ട് ചെയ്തതെന്ന് INSACOG മേധാവി എൻ.കെ. അറോറ പറഞ്ഞു. ഗുരുതരമായ ഈ വകഭേദം വാക്‌സിൻ എടുത്ത വ്യക്തികളിൽ പോലും വേഗത്തിൽ പടരാനുള്ള സാദ്ധ്യതയുണ്ട്. കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രത തുടരുന്നതിനാലാണ് ഇന്ത്യയിൽ വ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുന്നത്. ഈ വകഭേദം മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആരും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നത്. കേരളത്തിലും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെയുള്ള പോലുള്ള തീവ്ര വ്യാപനമോ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ കോ-ചെയർമാൻ രാജീവ് ജയദേവൻ വ്യക്തമാക്കി. ജെഎൻ- 1 വകഭേദത്തിന് വളരെ പെട്ടെന്ന് ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















