ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിൽ പേസർ മുഹമ്മദ് ഷമി കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. കണങ്കാലിലെ പരിക്ക് വഷളായതാണ് കാരണം. മെഡിക്കൽ സംഘം ഷമിക്ക് ഫിറ്റ്നസ് നൽകിയിട്ടില്ല. ആദ്യം ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരം ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തില്ല.
ദീപക് ചാഹറും ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് താരം ടീമിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്.ക്യാപ്റ്റൻ രോഹിത് ശർമ്മയുൾപ്പെടെയുള്ള കളിക്കാർ വെള്ളിയാഴ്ച ജോഹന്നാസ്ബർഗിലേക്ക് പോയിരുന്നു.ദക്ഷിണാഫ്രിക്കയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് കളിക്കുന്നത്. അതേസമയം സെലക്ടർമാർ ഇതുവരെ ഷമിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
ദീപക് ചാഹറിന് പകരമായി ആകാശ് ദീപാണ് ടീമിനൊപ്പം ചേർന്നത്. ഡിസംബർ 17ന് ജൊഹന്നസ്ബർഗിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് ശേഷം ശ്രേയസ് അയ്യർ ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേരും. രണ്ടും മൂന്നും ഏകദിനങ്ങൾക്ക് ശ്രേയസിന്റെ സേവനമുണ്ടാവില്ല.















