തേർഡ് പാർട്ടി കുക്കീസ് മുഖേനയുള്ള വിവര ശേഖരണം അവസാനിപ്പിക്കാൻ നീക്കവുമായി ഗൂഗിൾ. 2024 ജനുവരി നാല് മുതലാകും നിയമം പ്രാബല്യത്തിൽ വരിക. അടുത്ത വർഷം മുതൽ ക്രോം ബ്രൗസറിൽ തേർഡ് പാർട്ടി കുക്കീസിന് ഗൂഗിൾ വിലക്കേർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ക്രോം ബ്രൗസർ മുഖേന ഓരോ വെബ്‌സൈറ്റിലേക്ക് കടക്കുമ്പോഴും ബ്രൗസറി ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ് എന്ന് പറയപ്പെടുന്നത്. ഉപയോക്താക്കൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾക്ക് പുറമെ മറ്റ് വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേർഡ് പാർട്ടി കുക്കീസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ താത്പര്യം മനസിലാക്കുന്നതിനും ഓൺലൈൻ മുഖേനയുള്ള തിരച്ചിലുകൾ വിലയിരുത്തുന്നതിനും കുക്കീസ് ഉപയോഗിക്കാറുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് പ്രിയമേറിയ വിഷയങ്ങൾക്ക് അനുസൃതമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുക്കീസ് ഉപയോഗിച്ചു വരുന്നു. കുക്കീസുകൾ മൂലം നിരവധി ഉപകാരങ്ങൾ ഉണ്ടാകുന്നു എന്നതിന് പുറമെ ഇതിന് ദോഷവശങ്ങളും ഇതിനുണ്ട്.
ഉപയോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റൊരാളിലേക്ക് എത്തുന്നതിനും ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയേറെയാണ്. ഇവ സൈബർ ആക്രമണങ്ങൾക്കുൾപ്പെടെ കാരണമായേക്കാം. കൂടാതെ ബ്രൗസറിന്റെ പ്രവർത്തന വേഗതയെ പലപ്പോഴും കുക്കീസ് പ്രതികൂലമായി ബാധിക്കുകയും സമയമെടുക്കുന്നതിനും കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നതിനാലാണ് അടുത്ത വർഷം തുടക്കത്തിൽ തേഡ് പാർട്ടി കുക്കീസ് ഒഴിവാക്കുന്നതിന് ഗൂഗിൾ നടപടികൾ സ്വീകരിച്ചത്.
2019-മുതൽ കുക്കീസ് മുഖേന എത്തുന്ന പരസ്യ വിതരണ രീതികളും ട്രാക്കിംഗ് സംവിധാനവും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നു. ഇതിന് പകരം മറ്റ് സംവിധാനങ്ങൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തിയിരുന്നു. 2024 പകുതിയോടെ എല്ലാ ക്രോം ഉപയോക്താക്കളിലേക്കും ട്രാക്കിംഗ് പ്രൊട്ടക്ഷൻ ഫീച്ചർ കൊണ്ടുവരുന്നതിനാണ് ഗൂഗിൾ ലക്ഷ്യം വയ്‌ക്കുന്നത്.















