സഞ്ജു സാംസണെ രാജസ്ഥാൻ റോയൽ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് 2011-ലെ ഏകദിന ലോകകപ്പ് ജേതാവും മലയാളിയുമായ ശ്രീശാന്ത്. വരും സീസണിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറെ ക്യാപ്റ്റനാക്കണമെന്നും മുൻതാരം ആവശ്യപ്പെട്ടു.സ്ഥിരതയില്ലാത്ത സഞ്ജുവിനെക്കാളും അയാളാണ് രാജസ്ഥാന് പറ്റിയ ക്യാപ്റ്റൻ. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിജയിപ്പിച്ച ക്യാപ്റ്റനാണ് ബട്ലർ. അതായിരിക്കും മികച്ച തിരഞ്ഞെടുപ്പെന്നും ശ്രീശാന്ത് പറഞ്ഞു.സ്പോർട്സ് കീഡയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്.
‘എന്നെ സംബന്ധിച്ച് രാജസ്ഥാനിൽ ഒരു അഴിച്ചുപണി അനിവാര്യമാണ്. ഞാൻ രാജസ്ഥാന് വേണ്ടി കളിച്ചപ്പോൾ അവർ ഒരു സമ്പൂർണ മാനേജ്മെന്റായിരുന്നു. രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് ദീർഘ വീക്ഷണവും നല്ല തന്ത്രങ്ങളുമുണ്ടായിരുന്നു. ഞാൻ കളിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ അദ്ദേഹമാണ്.
സഞ്ജു ക്യാപ്റ്റനാണെങ്കിൽ അദ്ദേഹം നായകസ്ഥാനം സീരിയസായി കാണണം. അല്ലെങ്കിൽ ബട്ലറെ ക്യാപ്റ്റനാക്കണം. ഒന്നുമില്ലെങ്കിലും ബട്ലർ ഒരു ലോകകപ്പ് വിജയിച്ചിട്ടില്ലെ. അതിനാൽ അയാൾക്ക് നല്ല പ്രകടനം നടത്താനാകും. സ്ഥിരതയുള്ള ആരെങ്കിലും, രോഹിത്തിനെ പോലെ ടീമിനായി വിജയങ്ങൾ നേടാനുള്ള ആരെയെങ്കിലും ക്യാപ്റ്റനാക്കണം. ഏതെങ്കിലും ഒരു കളിമാത്രം ഫോമാകുന്ന ഒരാളെ ഏങ്ങനെ ക്യാപ്റ്റൻ സിയിൽ വിശ്വസിക്കാനാകും’- ശ്രീശാന്ത് ചോദിച്ചു.