മലയാളികൾക്ക് പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. കണ്ണടയും ലെൻസും നിറഞ്ഞ തന്റെ 16 വർഷം ജീവിതയാത്ര അവസാനിപ്പിച്ച സന്തോഷമാണ് നടി ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ലേസർ വിഷൻ കറക്‌ഷൻ സർജറി ചെയ്യുകയെന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ വിശേഷങ്ങൾ താരം യൂട്യൂബിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
കുട്ടിക്കാലത്തെ ‘കണ്ണട ഓർമ്മകളും’ ആദ്യമായി കണ്ണട വച്ചുതുടങ്ങിയ അനുഭവവും താരം വീഡിയോയിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി കണ്ണട ഉപയോഗിച്ചത്. അതിനുശേഷം ആദ്യമായി സ്കൂളിൽ പോയപ്പോൾ കൂളായ കുട്ടിയായി തോന്നി. സ്‌പെക്‌സി ലുക്കിൽ ഒരുപാട് അഭിമാനിച്ചു. പതിയെ കണ്ണട വയ്‌ക്കുന്നത് അത്ര കൂളായ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞു. ഫാഷൻ മാറുന്നതിനൊപ്പം പല തരത്തിലുള്ള കണ്ണടകൾ പരീക്ഷിച്ചു.
2013-ലാണ് കോൺടാക്ട് ലെൻസിലേക്ക് മാറിയത്. 2014ൽ സ്റ്റീവ് ലോപസ് സിനിമ ചെയ്യുന്ന സമയത്ത് മൂവി ലോഞ്ച് നടക്കുമ്പോൾ വാഷ് ബേസിന്റെ അടുത്തുനിന്ന് ലെൻസ് കണ്ണിൽ വച്ചുകൊണ്ടിരുന്നപ്പോ അത് കയ്യിൽ നിന്ന് താഴെ വീണു. ലെൻസ് വാഷ്‌ബേസിനിൽ ഒഴുകിപോയി. കയ്യിൽ വേറെ ലെന്‍സും ഇല്ലായിരുന്നു. പിന്നീട്, തന്റെ അപ്പച്ചിയും അമ്മയും താനും ചേർന്ന് ഡ്രെയിൻ പൈപ്പ് തുറന്ന് വേസ്റ്റിൽ നിന്നും ലെൻസ് കണ്ടെത്തുകയും ചെയ്തു.
കണ്ണടയും ലെൻസും വച്ച് ജീവിതം മുന്നോട്ട് പോകുന്നതിനിടെ കണ്ണടയുടെ പവറും കൂടുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കണ്ണിന് ചെയ്യുന്ന സർജറിയെക്കുറിച്ച് കേൾക്കുന്നത്. എന്നാൽ എന്റെ കണ്ണ് അപകടകരമായ അവസ്ഥയിലാണെന്നും ഈ കണ്ണിൽ തൊടാൻ കഴിയില്ലെന്നും ഡോക്ടേഴ്സ് പറഞ്ഞു. ഞാനും അച്ഛനും ആശയക്കുഴപ്പത്തിലായി. വീണ്ടും ലെൻസും കണ്ണടയുമൊക്കെയായി ജീവിതം തുടർന്നു.
അഞ്ചുവർഷങ്ങള്‍ക്കു ശേഷമാണ് ‘സ്‌മൈൽ’ എന്നൊരു പുതിയ ലേസർ ശസ്ത്രക്രിയ ഉണ്ടെന്ന് അറിഞ്ഞത്. കുറെ ടെസ്റ്റുകൾ ചെയ്തുനോക്കിയപ്പോൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയുമെന്നും അറിഞ്ഞു. ഒടുവിൽ വളരെ വിജയകരമായി സ്മൈൽ സർജറി പൂർത്തിയാകുകയും ചെയ്തു. കണ്ണട വയ്‌ക്കാതെ ദൂരെയുള്ള കാര്യങ്ങൾ പോലും എനിക്ക് വായിക്കാൻ കഴിഞ്ഞു. യഥാർത്ഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ആദ്യമായി കണ്ണട ഇല്ലാതെ കാണാൻ പോയത് വീടിനടുത്തുള്ള ഗോൾഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണമെന്ന് തോന്നി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. കണ്ണുകൊണ്ടു ഞാൻ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്. ഒരു മങ്ങിയ കാഴ്‌ച്ചയിൽ നിന്ന് 4-കെയിൽ കാണുന്ന പോലെയായിരുന്നു അത്. ഈ ശസ്ത്രക്രിയ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുള്ളവർ ഉറപ്പായും വിദഗ്ധോപദേശം തേടി ചെയ്യാവുന്നതൊക്കെ ചെയ്യണമെന്നാണ് അഭിപ്രായം- അഹാന പറഞ്ഞു.















