തിരുവനന്തപുരം: നവകേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്‌കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു. ഇരുവരുടെയും വീടുകളിൽ പോലീസ് കാവലും ഏർപ്പെടുത്തി. സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വസതിക്കും അനിൽ താമസിക്കുന്ന പേരൂർക്കടയിലുള്ള വസതിക്കുമാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയത്. തിരുവനന്തപുരം കമ്മീഷണറുടേതാണ് ഉത്തരവ്. ഗൺമാൻ അനിൽകുമാർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ഉൾപ്പെടെയുള്ള നാലുപേരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മർദ്ദിച്ചത്.
ആലപ്പുഴ കൈതവന ജംഗ്ഷനിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധവുമായെത്തിയവരെ മർദ്ദിക്കാൻ മുഖ്യമന്ത്രിയുടെ ഗൺമാൻ നേരിട്ടിറങ്ങിയത്. പ്രതിഷേധക്കാരെ നേരിടാൻ വഴിയിൽ പോലീസുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച ഗൺമാൻ മർദ്ദിക്കാൻ ചാടിയിറങ്ങുകയായിരുന്നു. ഔദ്യോഗിക വാഹനവ്യൂഹത്തിനൊപ്പം നവകേരള സദസ് വോളണ്ടിയർ എന്നെഴുതിയ ടീഷർട്ടും ധരിച്ച് സഞ്ചരിക്കുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദ്ദനത്തിന് പോലീസിനൊപ്പം ചേർന്നു. നവകേരളസദസ് തുടങ്ങിയശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ആക്ഷേപമുയരുന്നത്. ഇടുക്കിയിൽ മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗൺമാൻ തന്നെയാണ്.