രാജ്യത്തെ ഓരോ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം. 2024 ജനുവരി 22 ന് ഉച്ചയ്‌ക്ക് 12:45നാണ് രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുക. രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000ത്തിലധികം വിശിഷ്ട വ്യക്തികളാണ് പങ്കെടുക്കുന്നത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഒരു പ്രത്യേക പ്രോട്ടോക്കോൾ ഉള്ളതായി രാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി. വിശിഷ്ട വ്യക്തികൾക്കുള്ള ക്ഷണക്കത്തിലും ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും സുഗമവും തുല്യവുമായ അനുഭവം ഉറപ്പാക്കുന്നതിന്, പങ്കെടുക്കുന്ന എല്ലാവരും, അവരവരുടെ പദവി പരിഗണിക്കാതെ, ഭക്തിയോടെ ചടങ്ങിനെ സമീപിക്കണമെന്നും കത്തിൽ പറയുന്നു.
ക്ഷണക്കത്തിലെ നിർദ്ദേശങ്ങൾ
സന്ദർശകർ ക്ഷേത്ര പരിസരത്തേക്ക് മൊബൈൽ ഫോണുകൾ, ക്യാമറകൾ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരരുത്.
ചടങ്ങിനെത്തുന്നവർ സന്ദർശന വേളയിൽ ആത്മീയ സന്ദേശം ഉൾക്കൊണ്ടുവേണം പങ്കെടുക്കാൻ.
പ്രവേശനവും ക്രമീകരണവും ഉറപ്പാക്കാൻ അതിഥികൾ ജനുവരി 20-ന് ഉച്ചയ്‌ക്ക് ശേഷം അയോദ്ധ്യയിലെത്തണം.
വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ ആചാരപരമായ വസ്തുക്കൾ കൊണ്ടുവരരുത്.
മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും
തിരിച്ചറിയൽ: പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി അവരുടെ ആധാർ കാർഡ് കൈവശം വയ്‌ക്കണം.
പ്രവേശനം: ക്ഷണിതാക്കൾക്ക് രാവിലെ 11 മണി മുതൽ വേദിയിലേക്ക് പ്രവേശിക്കാം. ചടങ്ങ് മൂന്ന് മണിക്കൂർ വരെ നീളും. ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനമുണ്ടായിരിക്കുക.
ചടങ്ങിന് ശേഷം ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി പോയതിന് ശേഷം, ക്ഷണിതാക്കൾക്ക് രാംലല്ല ദർശനത്തിന് അവസരമുണ്ടാകും.
ഡിജിറ്റൽ രജിസ്‌ട്രേഷൻ: ചടങ്ങിന് മുമ്പ് ക്ഷണിക്കപ്പെട്ടവർക്ക് ഒരു മൊബൈൽ ആപ്പ് ലിങ്ക് ലഭിക്കും. ആപ്പ് ഡൗൺലോഡ് ചെയ്ത് തടസ്സങ്ങളില്ലാതെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.