ഗാന്ധിനഗർ; ലോകത്തിലെ ഏറ്റവും വലിയ ഓഫീസിന്റെ ആസ്ഥാനമാകാനൊരുങ്ങി ഗുജറാത്തിലെ സൂറത്ത്. ‘സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ’ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ലോകമെമ്പാടുമുള്ള 70,000 പേർ ചടങ്ങിൽ പങ്കെടുക്കും.
സൂറത്ത് നഗരത്തിനടുത്തുള്ള ഖജോദ് ഗ്രാമത്തിലാണ് 67 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 3,400 കോടി രൂപ ചെലവിലാണ് സൂറത്ത് ഡയമണ്ട് ബോഴ്സ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വജ്ര വ്യാപരത്തിന്റെ ആഗോള കേന്ദ്രമായി സൂറത്ത് മാറുമെന്നത് നിസംശയം പറയാം. 175 രാജ്യങ്ങളിൽ നിന്ന് 4,200 വ്യാപാരികളെ പാർപ്പിക്കാനുള്ള ശേഷിയുള്ള കെട്ടിടമാണിത്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുള്ളവരും വജ്രത്തിനായി സൂറത്തിലെത്തും. ആഗോള വിപണിയിൽ തന്നെ ഹബ്ബായി മാറാനൊരുങ്ങുന്ന കെട്ടിടം ഏകദേശം 1.5 ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങൾ നൽകും.
ഏകദേശം 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകൾ സ്ഥാപിക്കാനുള്ള ശേഷി ഇതിനുണ്ട്. ഒൻപത് ഗ്രൗണ്ട് ടവറുകൾ കൂടാതെ 15 നിലകളും കെട്ടിടത്തിലുണ്ട്. ഓഫീസ് സ്‌പേസുകൾ 300 ചതുരശ്ര അടി മുതൽ ഒരു ലക്ഷം ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ളതാണ്. കെട്ടിടത്തിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പ്ലാറ്റിനം റാങ്കിംഗ് ഉണ്ട്.
ഭാരതത്തിന്റെ സംരഭകത്വത്തിന്റെ തെളിവാണ് അമ്പര ചുംബിയായ ഈ കെട്ടിടം. വ്യാപര-സഹകരണ മേഖലയുടെ കാതലാകും ഇത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.















