ആഗോളതലത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ഭാരതം. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായിരുന്ന യുഎസിലെ പെന്റഗണിനെ പിന്തള്ളി ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് കെട്ടിടം മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എസ്.ഡി.ബി സമുച്ചയം രാജ്യത്തിന് സമർപ്പിക്കും.
കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്ന വേളയിൽ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അഭിമാനമായി മാറിയ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ചെറുപതിപ്പ് സമ്മാനിക്കും. സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവ ഉൾപ്പെടുന്ന ‘പഞ്ചധാതു’ കൊണ്ട് നിർമ്മിച്ചതാണ് മിനിയേച്ചർ പകർപ്പ്. ഫ്ലോറ ജുവൽസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജതിൻ കകാഡിയയാണ് ഇതിന്റെ ശിൽപി.
ഏഴ് ദിവസമെടുത്താണ് താൻ മിനിയേച്ചർ പതിപ്പ് തയ്യാറാക്കിയതെന്ന് കകാഡിയ പറഞ്ഞു. പഞ്ചധാതുക്കൾക്ക് പുറമേ വജ്രങ്ങളും പകർപ്പിൽ പതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മാനങ്ങൾ എന്നും അമൂല്യമാണെന്നും വില മതിക്കാനാവത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വജ്രവ്യാപാരികളും തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.















