ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഓഫീസ് ഹബ്ബാണ് ഗുജറാത്തിലെ സൂറത്തിൽ യാഥാർത്ഥ്യമായിരിക്കുന്നത്. ഖജോദ് ഗ്രാമത്തിലാണ് 67 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ‘സൂറത്ത് ഡയമണ്ട് ബോഴ്സ്’ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
കെട്ടിടം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. കഴിഞ്ഞ 80 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന ഖ്യാതി സ്വന്തമാക്കിയിരുന്ന അമേരിക്കയിലെ പെന്റഗൺ കെട്ടിടത്തിനേക്കാൾ വലുപ്പം കൂടിയ കെട്ടിടമാണിത്. ഗിന്നസ് വേൾഡ് റെക്കോർഡിലും സൂറത്ത് ഡയമണ്ട് ബോഴ്സ് ഇടം പിടിച്ചു.
വജ്ര വ്യാപാര മേഖലയിൽ വമ്പൻ മാറ്റങ്ങൾക്കാകും സൂറത്ത് ഡയമണ്ട് ബോഴ്സ് സാക്ഷ്യം വഹിക്കുക. കസ്റ്റംസ് ക്ലിയറൻസ് ഹൗസ്, ജ്വല്ലറി മാൾ, ഇന്റർനാഷണൽ ബാങ്കിംഗ്, സേഫ് വോൾട്ടുകളുടെ സൗകര്യം എന്നിവ ബോഴ്‌സിന്റെ പ്രത്യേകതകളായിരിക്കും.
മിനുക്കിയ വജ്രങ്ങൾ വാങ്ങാനായി ലോകരാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യൻ മണ്ണിലെത്തും. 175 രാജ്യങ്ങളിൽ നിന്നുള്ള 4,200 വ്യാപാരികളാകും ഇവിടെ എത്തുക. വജ്ര വിപണിയിൽ ഭാരതം ആഗോള ഹബ്ബായി മാറും.
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന പേര് സ്വന്തമാക്കുമ്പോഴും തികച്ചും പ്രകൃതി സൗഹാർദപരമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം.
പഞ്ച തത്വങ്ങളെ അടിസ്ഥാനമാക്കി പരിസ്ഥിതി ആഘാതം കുറയ്‌ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. ഉദ്ഘാടനത്തിനൊരുങ്ങുന്ന കെട്ടിടത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
സൗരോർജ്ജത്തെ പ്രോത്സാഹിപ്പിക്കും വിധമാണ് കെട്ടിടത്തിന്റെ നിർമ്മാണം. അത്യാധുനിക റൂഫ്ടോപ്പ് സോളാർ എനർജി പ്രോജക്ട് മാതൃകയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം.
ഇന്ത്യയുടെ സംരംഭകത്വ മനോഭാവത്തിന്റെ തെളിവാണ് സൂറത്ത് ഡയമണ്ട് ബോഴ്സ്. വ്യാപാരം, നവീകരണം, സഹകരണം തുടങ്ങിയ മേഖലകളുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കും.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കെട്ടിടം സഹായിക്കും.















