വയനാട്: 100 രൂപയ്‌ക്കടിച്ച പെട്രോളിന്റെ അളവ് കുറഞ്ഞു പോയെന്നാരോപിച്ച് പെട്രോൾ ജീവനക്കാരെ ഏഴംഗ സംഘം മർദ്ദിച്ചതായി പരാതി. കരിമ്പുമ്മലിലെ പെട്രോൾ പമ്പിലാണ് സംഘർഷം നടന്നത്. പമ്പ് ജീവനക്കാരനായ കെ ബി ബഗീഷ്, പമ്പിന്റെ മാനേജർ കെ റിയാസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. സ്‌കൂട്ടറിൽ നൂറ് രൂപയ്‌ക്കടിച്ച പെട്രോളിന്റെ അളവ് കുറഞ്ഞുപോയെന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ ചേർന്ന് ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. കണിയാമ്പറ്റ, കമ്പളക്കാട് സ്വദേശികളായ ഏഴുപേരാണ് മർദ്ദിച്ചതെന്ന് പെട്രോൾ ജീവനക്കാർ പറഞ്ഞു. അടിപിടിയിൽ റിയാസിന്റെ സഹോദര പുത്രിയായ ഒന്നര വസയുകാരിയ്‌ക്കും പരിക്കേറ്റതായി പരാതിയിൽ പറയുന്നു. മേശയോടു ചേർന്നുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുട്ടി സംഘർഷത്തിനിടെയിൽപ്പെട്ട് പരിക്കേൽക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജീവനക്കാർ പോലീസിന് കൈമാറി.















