ഡൽഹി: യുഎൻ സെക്യൂരിറ്റി കൗൺസിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ കൗൺസിൽ എന്നത് പഴയ ക്ലബ്ബ് പോലെയാണെന്നും പുതിയ അംഗങ്ങളെ പ്രവേശിപ്പിക്കാൻ അംഗരാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളൂരുവിൽ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് 2023 എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജയശങ്കർ.
“യുഎൻ സെക്യൂരിറ്റി കൗൺസിൽ ഒരു പഴയ ക്ലബ്ബ് പോലെയാണ്, അതിന്റെ പിടി വിടാൻ ആഗ്രഹിക്കാത്ത ചില അംഗങ്ങൾ അവിടെയുണ്ട്. ക്ലബ്ബിന്റെ നിയന്ത്രണം സ്വന്തം കൈകളിൽ തന്നെ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു. കൂടുതൽ അംഗങ്ങളെ പ്രവേശിപ്പിക്കാൻ തീരെ താൽപ്പര്യമില്ല, അവരുടെ രീതികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഈ സമീപനം”
“ഒരു തരത്തിൽ, ഇത് ഒരു പരാജയമാണ്. ഇത്തരം സമീപനം ലോകത്തെ ദ്രോഹിക്കുകയാണ്. ലോകത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ലോകം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളിൽ യുഎന്നിന്റെ കാര്യക്ഷമത കുറഞ്ഞുവരികയാണ്. യുഎന്നിനോടുള്ള ആഗോള വികാരവും പറയാം. ലോകത്തിലെ 200 രാജ്യങ്ങളോട് യുഎൻ സെക്യൂരിറ്റി കൗൺസിലിന് പരിഷ്കരണം വേണോ, വേണ്ടയോ എന്ന് ചോദിക്കണം. അപ്പോൾ അവർ മറുപടി പറയും. അതെ, ഞങ്ങൾക്ക് പരിഷ്കരണം വേണം” – ജയശങ്കർ പറഞ്ഞു.