തമിഴ് സിനിമാ ലോകത്ത് എൽസിയു എന്ന സാമ്രാജ്യം പണിയുകയാണ് ലോകേഷ് കനകരാജ്. കാർത്തിയെ നായകനാക്കി കൈതി എന്ന സിനിമയിൽ ആരംഭിച്ച് ഇപ്പോൾ ലിയോയിൽ എത്തി നിൽക്കുകയാണ്. എൽസിയുവിനായി ലോകേഷിന്റെ കയ്യിൽ ഇനിയും കഥകളുണ്ട്. എന്നാൽ, എൽസിയുവിലേക്ക് അടുത്തതായി ഏത് സിനിമയായിരിക്കും പുറത്തിറങ്ങുന്നതെന്ന കാത്തിരിപ്പിലാണ് ആരാധകർ.
എൽസിയുവിനായി അടുത്തതായി വരാൻ പോകുന്നത് എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലോകേഷ് കനകരാജും നടൻ നരേനും. കൈതി 2വോ വിക്രം2വോ റോളക്സോ അല്ല, അടുത്തതായി എൽസിയുമായി ബന്ധിപ്പിക്കുന്ന ഒരു ഷോർട്ട് ഫിലിമാണ് പുറത്തിറക്കുന്നതെന്നാണ് ഇരുവരും പറഞ്ഞത്.
‘ഒരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മുൻപാണ് അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞത്. അതൊരു സർപ്രൈസ് ആണ്. അപ്ഡേറ്റ് ഉടൻ വരും. റിലീസും ഉടൻ ഉണ്ടാകും.’- എന്നാണ് മോഡേൻ ടോക്കീസ് എന്ന തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞത്.
നരേന്റെ പുതിയ സിനമയായ ക്യൂൻ ഓഫ് എലിസബത്ത് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു എൽസിയുവിനെക്കുറിച്ച് പറഞ്ഞത്.
കൈതി 2 അടുത്ത വർഷം ആയിരിക്കും. ലോകേഷ് ഇപ്പോൾ രജനി സാറിന്റെ പടം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അത് കഴിഞ്ഞിട്ടാകും കൈതി 2. എൽസിയുവിൽ അടുത്തതായി വരാനിരിക്കുന്നത് കൈതി 2 ആണ്. അതിനിടയിൽ വേറൊരു സംഭവം ഉണ്ട്. ഞാനും ലോകേഷും കൂടിച്ചേർന്നൊരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. വെറും പത്ത് മിനിറ്റേ അതുള്ളൂ. എൽസിയുമായി അതിന് വളരെ അടുത്ത ബന്ധം ആണുള്ളത്. അതാണ് എൽസിയുവിന്റെ തുടക്കം.’- നരേൻ പറഞ്ഞു.