ഇടുക്കി: വണ്ടിപ്പെരിയാറിലും വാളയാറിലും പെൺകുട്ടികൾ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ കുറ്റവിമുക്തരാകാൻ കാരണം സിപിഎം ബന്ധമാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു ഈ പ്രതികരണം. നീതിക്കായുള്ള നിയമനടപടികളെ പറ്റി വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തെ ബോധ്യപ്പെടുത്തി. നീതിക്കായി കുടുംബം ആവശ്യപ്പെട്ടാൽ എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകാൻ തയ്യാറാണെന്നും വാളയാർ പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
പ്രതി അർജുനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചിരുന്നു. കുറ്റം തെളിയിക്കുന്നതിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ചപ്പറ്റിയതാണ് പ്രതിയെ കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി വിട്ടയക്കാൻ കാരണം. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചെങ്കിലും പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നുമാണു കോടതി കണ്ടെത്തിയത്.