ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ മേഖല കയ്യടക്കാൻ നിർബിത ബുദ്ധി. എഐ അധിഷ്ഠിത ഗവേഷണങ്ങൾക്കായി പരീക്ഷണശാലകൾ ഉടനെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിർണയിക്കൽ, സ്വയംനിയന്ത്രണം, റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന, റിസോഴ്സ് മാപ്പിംഗ്, കാലാവസ്ഥ–പ്രകൃതിദുരന്ത പ്രവചനം, ബഹിരാകാശ ഗവേഷണത്തിനാവശ്യമായ റോബട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് ഗവേഷണം നടക്കുന്നത്. ശാസ്ത്രജ്ഞർക്ക് വിവിധ മേഖലകളിൽ സെമിനാറുകളും ശിൽപശാലകളും ആരംഭിച്ചിട്ടുണ്ട്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ജിഎക്സ് പരീക്ഷണ ദൗത്യത്തിലെ വ്യോമമിത്ര എഐ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുക. മനുഷ്യനെ പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും ഇതിന് കഴിയും.