ഇസ്ലാമബാദ്: പാകിസ്താനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്റര്‍നെറ്റും സമൂഹമാദ്ധ്യമങ്ങളും പ്രവര്‍ത്തന രഹിതമായതെന്നാണ് സൂചന. ദാവൂദിനെ വിഷം കൊടുത്ത് കൊന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഞായറാഴ്ച രാത്രി മുന്‍പ്രധാനമന്ത്രിയും പിടിഐ ചെയര്‍മാനുമായ ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ റാലി നടന്നിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കാരണം ഇതണോയെന്നും വ്യക്തമല്ല. ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ഞായറാഴ്ച രാത്രി 8 മണിക്ക് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തടസ്സപ്പെട്ടതായി പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയതു. എന്നാല്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ഇത് സംബന്ധിച്ച് പ്രതീകരിച്ചിട്ടില്ല. മെയ് 9ന് ഇമ്രാന്‍ ഖാനെ അന്ന് അറസ്റ്റ് ചെയ്തിന് പിന്നാലെ പാക് ആഭ്യന്തര മന്ത്രാലയം ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ചതാണെന്നും നല്‍കിയതാണെന്നും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കനത്ത സുരക്ഷയോടെയാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത അധികാരികള്‍ക്കും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് പ്രവേശനം അനുവാദിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നത്.















