ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ ആദർശധീരത കുട്ടികൾക്ക് കൂടി പരിചയപ്പെടുത്താൻ സന്ത് തുളസീദാസിന്റെ രാമസ്തുതി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നു. പൂർണ്ണമായും കുട്ടികളെ ലക്ഷ്യമിട്ടാണ് അവധ് ഭാഷയിൽ നിന്ന് പ്രാർത്ഥന വിവർത്തനം ചെയ്യുന്നത്. ചിത്വാൻ മിത്തലും സരിത സരഫും സംയുക്തമായാണ് ‘എന്റെ ആദ്യ പ്രാർത്ഥന’ എന്ന പേരിൽപുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഇഷ്ടമാകുന്ന വിധത്തിൽ അപരാജിത വാസുദേവ് വരച്ച ചിത്രങ്ങളും രാമസ്തുതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവധ് ഭാഷയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ് സന്ത് തുളസീദാസിന്റെ പ്രാർത്ഥന. ആദിദേവ് പ്രസാണ് പുസ്തകം വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ശ്രീരാമസ്തുതി പഠിച്ചതിന്റെ ബാല്യകാല സമരണയിൽ നിന്നാണ് ഈ പുസ്തം പിറന്നതെന്ന് ആദിദേവ് പ്രസിന്റെ സ്ഥാപകനും എഡിറ്റോറിയൽ ഡയറക്ടറുമായ ചിത്വാൻ മിത്തൽ പറഞ്ഞു. ഇതിനേക്കാൾ മികച്ച പ്രാർത്ഥന പിഞ്ചുകുട്ടികളെ പരിചയപ്പെടുത്താൻ ഇല്ല. തുളസീദാസ് രാമനെ എങ്ങനെ വിവരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് മനസിലാകുന്ന തരത്തിൽ ലളിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത് ചിത്വാൻ മിത്തൽ കൂട്ടിച്ചേർത്തു. 599 രൂപ വിലയുള്ള പുസ്തകം നിലവിൽ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ വാങ്ങാൻ ലഭ്യമാണ്.
16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തുളസീദാസാണ് ഭക്തകവികളിൽ അഗ്രഗണ്യനാണ്. ഇതിഹാസ കാവ്യമായ രാമചരിതമനസിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. ശ്രീരാമനെ സ്തുതിച്ചുകൊണ്ട് തുളസീദാസ് രചിച്ച നിരവധി ഭക്തിനിർഭരമായ പ്രാർത്ഥനകളിൽ ഒന്നാണ് രാമ രാമസ്തുതി.















