ലക്‌നൗ: ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ പ്രധാന കൂട്ടാളി ഹൃദയാഘാതം മൂലം മരിച്ചു. നിരവധി കൊലപാതക കേസുകളിൽ പ്രതിയായ നഫീസ് ബിരിയാണിയാണ് മരിച്ചത്. നൈനി സെൻട്രൽ ജയിലിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച ഇയാളെ സ്വരൂപാണി നെഹ്റു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് മരണം സംഭവിച്ചത്.
പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിലെ പ്രതികളിലൊരാളാണ് നഫീസ് ബിരിയാണി. നവംബർ 22 ന് നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അനാപൂരിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനുളള ശ്രമത്തിനിടയിൽ ഇയാൾക്ക് വെടിയേറ്റിരുന്നു. തുടർന്ന് നഫീസിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 9-നാണ് നഫീസിനെ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ തലയ്‌ക്ക് യുപി പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുൻപ് പ്രയാഗ്‌രാജിലെ സിവിൽ ലൈൻസ് ഏരിയയിൽ നഫീസ് പാൻ കട നടത്തിയിരുന്നു. ഇവിടെ വെച്ചാണ് ആതിഖ് അഹമ്മദിന്റെ ഗുണ്ടാ സംഘവുമായി ഇടപാടുകൾ ആരംഭിച്ചത്. തുടർന്ന് ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫുമായി ചേർന്ന് ബിരിയാണി കട ആരംഭിച്ചു. ഇതൊടെയാണ് ഇയാളുടെ പേര് നഫീസ് ബിരിയാണിയായി മാറിയത്. ഗുണ്ടാപിരിവും മറ്റുമായി നഫീസ് ഒരു മാസം രണ്ട് കോടി രൂപ സമ്പാദിച്ചതായും ഈ തുകയുടെ വലിയൊരു ഭാഗം ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീനിന് കൈമാറിയതായും പോലീസ് പറഞ്ഞു.















