ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ചിരകാല അഭിലാഷം യാഥാർത്ഥ്യമാകുന്നു. 2034-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും നടത്താനുള്ള നീക്കങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചു. സൗദ്യ അറേബ്യയാണ് ലോകകപ്പിന്റെ ആതിഥേയർ. അവരുമായി സജീവ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പത്തുമത്സരങ്ങളാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. ഇവയുടെ എണ്ണം കുറഞ്ഞാലും അഞ്ചെണ്ണമെങ്കിലും നടത്തുകയാണ് ലക്ഷ്യം.
സൗദിയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം എഐഎഫ്എഫ് അംഗങ്ങൾക്ക് ലഭിച്ച സർക്കുലറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എഐഎഫ്എഫ് മേധാവിയായ കല്യാൺ ചൗബയുടെ സർക്കുലറിലാണ് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താനുള്ള നീക്കത്തെ കുറിച്ച് പരാമർശമുള്ളത്.
സൗദി അറേബ്യയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തും. അവരുടെ തീരുമാനം അനുസരിച്ചാകും ബാക്കി നടപടികൾ സ്വീകരിക്കുക.2034 ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുമെന്നതിനാൽ 104 മത്സരങ്ങളുണ്ടാകും. ഇതാണ് ഇന്ത്യയെ ചർച്ചകൾ നടത്താൻ പ്രേരിപ്പിച്ച കാര്യം. മത്സരങ്ങൾ ഇന്ത്യയിൽ നടന്നാൽ അത് ഫുട്ബോൾ മേഖലയ്‌ക്ക് വലിയൊരു ശക്തിപകരും.