കോഴിക്കോട്: തനിക്ക് സംരക്ഷണം ആവശ്യമില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയ ശേഷം മിഠായി തെരുവിലിറിങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരത്തിലൂടെ നടന്നു നീങ്ങിയ ഗവർണർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ശേഷം മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും വ്യാപാരികളുമായി സംസാരിക്കുകയും ചെയ്തു. ഹർഷാരവങ്ങളോടെയാണ് വ്യാപാരികൾ ഗവർണറെ സ്വീകരിച്ചത്.
നിരത്തിലൂടെ നടന്ന ഗവർണർക്കൊപ്പം ഫോട്ടോയെടുക്കാൻ സാധാരണക്കാർ തടിച്ചുകൂടി. സ്ഥാപനങ്ങൾ സന്ദർശിക്കാനായി വ്യാപാരികൾ അദ്ദേഹത്തെ ക്ഷണിച്ചു. തങ്ങളുടെ കടകളിലെത്തിയ ഗവർണർക്ക് ഹൽവയും തൊപ്പിയുമടക്കം സമ്മാനിച്ചാണ് വ്യാപാരികൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഗവർണർക്കൊപ്പം ജനങ്ങളും നിരത്തിലൂടെ സഞ്ചരിച്ചതോടെ അക്ഷരാർത്ഥത്തിൽ അതൊരു പദയാത്രയായി മാറി.
തന്നെ തെരുവിൽ തടയുമെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളിക്ക് മറുപടിയായാണ് പോലീസ് സുരക്ഷ വേണ്ടെന്ന് നിർദ്ദേശിച്ച് ഗവർണർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയത്. തന്നെ തടയുന്നവർ തടയട്ടേയെന്നും തനിക്ക് പേടിയില്ലെന്നും അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പോലീസ് സേനയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. അതിനാൽ തനിക്ക് സുരക്ഷ ആവശ്യമില്ല. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പോലീസ് മേധാവിക്ക് എഴുതിനൽകിയിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.