ഇടുക്കി: ജില്ലയിൽ മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.
ഇന്ന് രാവിലെ ജലനിരപ്പ് 137 അടിക്ക് മുകളിലെത്തിയിരുന്നു. ഇനിയും മഴ ശക്തമായാൽ ജലനിരപ്പ് ക്രമാധീതമായി ഉയരാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് 10,000 ക്യൂസെക്സ് ജലം പുറത്തേക്കൊഴുക്കും. ഇടുക്കിയിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.