സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. കൊറോണയുടെ വകഭേദമായ ഒമിക്രോൺ ഖഘ.1 ബാധിച്ച് ഇതിനോടകം തന്നെ സംസ്ഥാനത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ന്യൂമോണിയ. എല്ലാ ന്യൂമോണിയും കൊറോണ വൈറസ് മൂലം ആവണമെന്നുമില്ല. എങ്കിലും ന്യൂമോണിയ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം..
പനി
ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളിലൊന്നാണ് ഉയർന്ന പനി. ശരീര താപനില പെട്ടന്ന് ഉയരുകയും 100 ഫാരൻഹീറ്റിനു മുകളിൽ പോവുകയും ചെയ്യുകയാണെങ്കിൽ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക.
വരണ്ട ചുമ
തുടർച്ചയായുള്ള വരണ്ട ചുമയും കഫം പുറന്തള്ളുമ്പോൾ ചെറിയ നിറ വ്യത്യാസം കാണുന്നതും ന്യൂമോണിയയുടെ തുടക്കമായിരിക്കാം. ഇത് ശ്രദ്ധയിൽപെടുകയാണെങ്കിൽ അടിയന്തരമായ വൈദ്യസഹായം തേടുക.
ശ്വാസതടസം
ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ഹൃദയമിടിപ്പ് കൂടുകയോ ചെയ്യുന്നതായി അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
വിശപ്പില്ലായ്മ
പെട്ടന്ന് നിങ്ങൾക്ക് ക്ഷീണവും വിശപ്പ് ഇല്ലായ്മയും അനുഭവപ്പെടുകയാണെങ്കിൽ ഇത് ന്യൂമോണിയുടെ ലക്ഷണങ്ങളായിരിക്കാം. എന്നിരുന്നാലും സ്വയം ചികിത്സയ്‌ക്ക് നിൽക്കരുത്.
നെഞ്ചു വേദനയും വിയർക്കലും
ശ്വസിക്കുമ്പോൾ നെഞ്ചു വേദനിക്കുകയോ ഇടയ്‌ക്കിടെ വിയർക്കുന്നതും ഊർജ്ജമില്ലായ്മയും ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളാണ്. ഇതിനുപുറമെ ചുണ്ടുകളിലും നഖങ്ങളിലും ഇളം നീല നിറം കാണുന്നതും ഇതിന്റെ ലക്ഷണങ്ങളായിക്കാം. അതിനാൽ തന്നെ വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് രോഗം വർദ്ധിപ്പിക്കാതെ കൃത്യമായ ചികിത്സ തേടാൻ ശ്രദ്ധിക്കുക.















