ജയ്പൂർ: അഴിമതി രഹിത ഭരണം, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവയ്‌ക്കാകും രാജസ്ഥാൻ സർക്കാർ മുൻഗണന നൽകുകയെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ. പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തിക്കുക. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാകും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പരാമർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജസ്ഥാന്റ മുഖം മാറുകയാണ്. ഇതിനായി അർത്ഥവത്തായ സംഭാവനകൾ നൽകാൻ ഭരണകൂടത്തിനും സാധിക്കണം. ‘സബ്‌കാ സാത്ത്-സബ്‌കാ വികാസ്-സബ്കാ വിശ്വാസ്’ എന്ന ദർശനത്തിലാകണം മുന്നോട്ട് പോകേണ്ടത്. പദ്ധതികളും പരിപാടികളും നയങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും സാധാരണക്കാരിലേക്ക് എത്തുകയും വേണം. ഇതിനായി സേവന മനോഭാവം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വികസനവും ജനങ്ങളുടെ ക്ഷേമവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ കരങ്ങളിലാണെന്നും അവരുടെ പങ്ക് പ്രധാനമാണെന്നും ശർമ പറഞ്ഞു. ഓരോ ഉദ്യോഗസ്ഥനും തന്റെ മനസാക്ഷിയെ മുൻനിർത്തി പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ സത്യസന്ധതയോടെയും മികവോടെയും നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തലത്തിലുള്ള അഴിമതി കേസ് വെളിച്ചത്തുവന്നാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്നവരെയും വെറുതെവിടില്ലെന്നും ശർമ മുന്നറിയിപ്പ് നൽകി.















