എറണാകുളം: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വാദവുമായി പ്രതി റുവൈസ്. ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്നെ അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം റുവൈസിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിലായിരുന്നു റുവൈസിന്റെ വാദം.
സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ല, പിജി കോഴ്‌സ് പൂർത്തിയാക്കിയശേഷം വിവാഹം നടത്താമെന്ന് ഷഹ്നയോട് പറഞ്ഞിരുന്നു. അതുവരെ കാക്കാൻ ഷഹ്ന തയാറായില്ലെന്നും റുവൈസിന്റെ ജാമ്യഹർജിയിൽ പറയുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ റുവൈസ് വാദിച്ചു.
സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും റുവൈസ് പറയുന്നത് അംഗീകരിക്കാനിവില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. നേരത്തെ, തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റുവൈസ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി റുവൈസ് ഹൈക്കോടതിയെ സമീപിച്ചത്.















