ലക്‌നൗ: ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട കേസിൽ മസ്ജിദ് കമ്മിറ്റിക്കും വഖഫ് ബോർഡിനും വൻ തിരിച്ചടി. ജ്ഞാൻവാപിയിൽ സർവേ നടപടികൾ ചോദ്യം ചെയ്ത്‌കൊണ്ട് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും സമർപ്പിച്ച ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളി. മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ നടപടി ചോദ്യം ചെയ്ത അഞ്ച് ഹർജികളും കോടതി തള്ളിയിട്ടുണ്ട്. 2021 ഏപ്രിൽ 8- ലെ വാരണാസി കോടതി ഉത്തരവിനെതിരെ സമർപ്പിച്ചതായിരുന്നു പ്രസ്തുത ഹർജികൾ.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ജ്ഞാനവാപി പള്ളിയുടെ നടത്തിപ്പുകാരാണ് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി. 1991- ലെ ആരാധനാലയ നിയമം നിയമം അനുസരിച്ച് 1947 ഓഗസ്റ്റ് 15-ന് മുൻപുള്ള ആരാധനാലത്തിന്റെ സ്ഥിതി
തുടരണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. ഇത് കോടതി അംഗീകിച്ചില്ല. സർവ്വേ നടപടികൾക്ക് ഇത് ബാധകമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 1991 ൽ നടന്ന കേസിന്റെ വിചാരണയ്‌ക്കും അലഹബാദ് ഹൈക്കോടതി അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ 6 മാസത്തിനുള്ളിൽ കേസിന്റെ വാദം പൂർത്തിയാക്കാൻ വാരണാസി കോടതിക്ക് നിർദ്ദേശവും നൽകി.
ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവ്വേ റിപ്പോർട്ട് കഴിഞ്ഞ ദിവസാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ സമർപ്പിച്ചത്. ആർക്കിയോളജി സർവ്വേ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസ്തവയാണ് റിപ്പോർട്ട് സീൽ ചെയ്ത് കോടതിക്ക് കൈമാറിയത്. 100 ദിവസത്തോളം എടുത്താണ് ആർക്കിയോളജി കൗൺസിൽ സർവ്വേ പൂർത്തിയാക്കിയത്.
കഴിഞ്ഞവർഷം മെയ് മാസത്തിൽ അഭിഭാഷക കമ്മീഷൻ നടത്തിയ സർവ്വേയിൽ പള്ളി പരിസരത്തു നിന്നും ശിവലിംഗം കണ്ടെത്തിയിരുന്നു. ഇത് ശിവലിംഗം അല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മുസ്ലിം വിഭാഗം വാദിച്ചത്. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള കാർബൺ ഡേറ്റിങ് നടത്തുന്നത് സംബന്ധിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.