തിരുവനന്തപുരം: കരുവന്നൂരിലെ തേലപ്പിള്ളിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. ദേശീയപാതയിൽ കയ്പ്പമംഗലം സെൻ്ററിൽ രാത്രി 11 -മണിയോടെയാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. തേലപ്പിള്ളി സ്വദേശികളും കരുവന്നൂർ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികളുമായ ആദിദേവ്, അഭിനന്ദ്, എമിൽ എന്നിവരെയാണ് കണ്ടെത്തിയത്.
റോഡിൽ നിന്ന് ഒരു കാറിന് കൈ കാണിച്ച വിദ്യാർത്ഥികളെ ഡ്രൈവർ വാഹനം നിർത്തി കാറിൽ കയറ്റി. തുടർന്ന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികളെ കാണാതായത്. സ്കൂൾ വിട്ട സമയം മുതലാണ് കുട്ടികളെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയായിരുന്നു.