ഗാന്ധിനഗർ: അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാമക്ഷേത്രത്തിന്റെ രൂപത്തിൽ നെക്ലേസ് നിർമ്മിച്ച് വജ്ര വ്യാപാരി. ഗുജറാത്തിലെ സൂറത്തിലാണ് 5,000 അമേരിക്കൻ വജ്രങ്ങൾ ഉപയോഗിച്ച് നെക്ലേസ് നിർമ്മിച്ചത്. രണ്ട് കിലോ വെള്ളിയും നെക്ലേസിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ഇത് വിൽക്കാൻ വേണ്ടിയല്ല, രാമക്ഷത്രത്തിന് സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. രാമക്ഷേത്രത്തിന് എന്തെങ്കിലും സമ്മാനം നൽകണം എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഇത് നിർമ്മിച്ചതെന്നും വജ്ര വ്യാപാരി പറഞ്ഞു.
രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിനായി കാത്തിരിക്കുകയാണ്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകൾ ജനുവരി 16-ന് ആരംഭിക്കും.
ജനുവരി 22- ന് ഉച്ചയ്‌ക്ക് 12:45നാണ് രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് 13 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് പങ്കെടുക്കുന്നത്.















