ആലപ്പുഴ: നവകേരളാ സദസിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചു. ആലപ്പുഴ തണ്ണീർമുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നവകേരളാ സദസിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ജോലി നിഷേധിച്ചത്. തണ്ണീർമുക്കം പഞ്ചായത്തിലെ 23-ാം വാർഡിലെ തൊഴിലാളികളോട് ഇനി ജോലിക്ക് വരേണ്ടെന്ന് സിപിഐ വാർഡ് മെമ്പർ സെബാസ്റ്റ്യൻ നിർദ്ദേശിച്ചു.
നവകേരളാ സദസിൽ പങ്കെടുക്കാത്ത 200-ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ജോലി നിഷേധിച്ചവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.
നവകേരളാ സദസ് തുടങ്ങിയത് മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും നിരവധി ഭീഷണി സന്ദേശങ്ങളാണ് എത്തിയിരുന്നത്. നവകേരളാ സദസിൽ കൃത്യ സമയത്ത് പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ജോലിയില്ലെന്നുമാണ് ഭീഷണി. വാർഡ് മെമ്പറും തൊഴിലുറപ്പ് മേറ്റുമാരുമാണ് ഇത്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നത്. ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വന്ന നിരവധി സന്ദേശങ്ങൾ പുറത്തുവന്നിരുന്നു.















