ന്യൂ ഡൽഹി: എംപി എന്ന നിലയിൽ സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയുന്നതിനു ലഭിച്ച നോട്ടീസിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇളവ് ഉത്തരവ് നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. അടുത്തിടെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അനുവദിച്ച ബംഗ്ലാവിൽ നിന്ന് ഒഴിയാനുള്ള നോട്ടീസ് അവർക്ക് ലഭിച്ചത്.
സമാനമായ ഒരു ഹർജി മൊയ്‌ത്ര സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നതായി വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ചൂണ്ടിക്കാട്ടി. അതിനാൽ, ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഏത് ഉത്തരവുകളും സുപ്രീം കോടതിയുടെ നടപടികളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാവ് ഒഴിയാനുള്ള ഉത്തരവിനെതിരെ മഹുവ മൊയ്ത്രയ്‌ക്ക് ഇടക്കാല ഇളവ് നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചത്.
2024 ജനുവരി 7-നകം തന്റെ ബംഗ്ലാവ് ഒഴിയാനുള്ള സർക്കാർ ഡിസംബർ 11-ലെ ഉത്തരവ് റദ്ദാക്കണമെന്ന് മഹുവ മൊയ്ത്ര തന്റെ ഹർജിയിൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെടരുത് എന്നായിരുന്നു മഹുവയുടെ വാദം.
ജനുവരി 3 ന് സുപ്രീം കോടതി ഹർജി പരിഗണിച്ച ശേഷം ജനുവരി 4 ന് ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിക്കും.
ഡിസംബർ 8- നാണ്, മഹുവ മൊയ്‌ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയം ലോക്‌സഭ പാസാക്കിയത്. കാഷ് ഫോർ ക്വറി വിഷയത്തിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതിന് മൊയ്‌ത്ര പണവും സമ്മാനങ്ങളും കൈപ്പറ്റിയതായി ഒക്ടോബർ 15-ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി നിഷികാന്ത് ദുബെ ആരോപിച്ചു. മൊയ്‌ത്രയുടെ മുൻ പങ്കാളി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ.
വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ലോക്‌സഭാ ക്രെഡൻഷ്യലുകൾ പങ്കിട്ടതിന് മൊയ്ത്ര ചട്ടം ലംഘിച്ചതായി കണ്ടെത്തി.
ലോക്‌സഭയിൽ ഇവർ നേരിട്ടോ അല്ലാതെയോ ഉന്നയിച്ച ചോദ്യങ്ങളിൽ ഭൂരിഭാഗവും ഹിരാനന്ദനിക്ക് അനുകൂലമായിരുന്നു. കൂടാതെ, മൊയ്ത്രയ്‌ക്ക് വിലകൂടിയ സമ്മാനങ്ങളുടെ രൂപത്തിൽ പണം നൽകിയതായി ദുബായിലെ ഇന്ത്യൻ എംബസിയിൽ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.