കോഴിക്കോട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെയാണ് കമ്മീഷന്റെ ഉത്തരവ്. ഒന്നര ഏക്കറോളം സ്ഥലം എഴുതി വാങ്ങിയ ശേഷമാണ് സജി ജോസഫ് പ്രായമായ അമ്മയെയും വിവാഹ മോചിതയായ സഹോദരിയെയും ഉപേക്ഷിച്ചത്.
ഭൂമിയുടെ അവകാശം കൈക്കലാക്കിയ ശേഷം മകൻ ഇവരെ വീട്ടിൽ കയറ്റാൻ കൂട്ടാക്കിയില്ല. തുടർന്ന് വീടിന് സമീപമുള്ള താത്കാലിക ഷെഡിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പ്രായം പരിഗണിച്ച് അമ്മയ്‌ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദ്ദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ കൈക്കൊണ്ട നടപടികൾ എന്തെന്ന് ആർഡിഒ റിപ്പോർട്ടായി സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.















