ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യത്തെ അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ. പുതിയ പദ്ധതിയ്‌ക്ക് ചൊവ്വാഴ്ച ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ചികിത്സ നൽകുന്നതിനായി വിവിധ ശിശുരോഗ വിദഗ്ധർ കേന്ദ്രത്തിലുണ്ടാകും. ഈ സൗകര്യം നിലവിൽ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിലും മെഡിക്കൽ കോളേജിലും ലഭ്യമല്ല. പദ്ധതിയ്‌ക്കായി 199 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
20-ലധികം ഡിപ്പാർട്ട്‌മെന്റുകളും 575 കിടക്കകളുള്ള 6 യൂണിറ്റുകളും അടങ്ങുന്നതാണ് യോഗി സർക്കാർ പണികഴിപ്പിക്കാൻ പോകുന്ന അഡ്വാൻസ്‌ഡ് പീഡിയാട്രിക് സെന്റർ. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിൽ, 12 ഡിപ്പാർട്ട്‌മെന്റുകളും 4 യൂണിറ്റുകളും സഹിതം 310 കിടക്കകളും 45 പ്രൈവറ്റ് കിടക്കകളും സജ്ജീകരിക്കും. രണ്ടാം ഘട്ടത്തിൽ, 9 ഡിപ്പാർട്ട്‌മെന്റുകളും 2 യൂണിറ്റുകളും സഹിതം 265 കിടക്കകൾ കൂടി ഉൾപ്പെടുത്തും. ഈ ഘട്ടത്തിൽ 158 സാധാരണ കിടക്കകൾ, 13 ICU കിടക്കകൾ, 10 HDU കിടക്കകൾ എന്നിവ ഉൾപ്പെടുന്നു. 21 ഐസൊലേഷൻ കിടക്കകളും 63 പ്രൈവറ്റ് കിടക്കകളും ഉണ്ടാകും.
ആദ്യഘട്ടത്തിൽ 12 വകുപ്പുകളും 4 യൂണിറ്റുകളുമാണ് പ്രവർത്തിക്കുക. ജനറൽ പീഡിയാട്രിക്സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് എമർജൻസി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് ഗ്യാസ്‌ട്രോഎൻറോളജി, പീഡിയാട്രിക് എൻഡോക്രൈനോളജി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. യൂണിറ്റുകളിൽ പീഡിയാട്രിക് പൾമണോളജി, പീഡിയാട്രിക് കാർഡിയോളജി, ഡേ കെയർ, പീഡിയാട്രിക് മെഡിക്കൽ ജനറ്റിക്സ് എന്നിവയും സജ്ജീകരിക്കും.