കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 48 മണിക്കൂറിനിടെ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസും പോലിസും ഡിആർഐയും ചേർന്ന് പിടികൂടിയത്. കസ്റ്റംസും ഡിആർഐയും ചേർന്ന് 2.304 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിനിടെ കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഒരാളിൽ നിന്ന് 235 ഗ്രാം സ്വർണം പോലീസും പിടികൂടി.
ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. മലപ്പുറം മീനടത്തൂർ സ്വദേശി ഷിഹാബുദ്ധീൻ, കണ്ണൂർ സ്വദേശി ആശ തോമസ്, കോഴിക്കോട് സ്വദേശി ഹാരിസ് എന്നിവരാണ് സ്വർണം കടത്തുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. മിശ്രിത രൂപത്തിലും, ക്യാപ്‌സൂൾ രൂപത്തിലും കടത്തുന്നതിനിടെയാണ് ഇവരുടെ പക്കൽ നിന്നും കസ്റ്റംസ് സ്വർണം പിടികൂടിയത്.
അതേസമയം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന കാസർകോട് സ്വദേശി ബിഷറാത്താണ് പിടിയിലായത്. കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ ബട്ടൻസിനുള്ളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.















